ആധാനം തനയസ്യ പുംസവവിധിഃ സീമന്തജാതാഹ്വയാ നിഷ്ക്രാമോfന്നവിധിഃ ക്ഷുരോപനയനേ ത്രീണി വ്രതാനി ക്രമാത് ഗോദാനഞ്ച സമാപനം വ്രതവിധേഃ പാണിഗ്രഹോfഗ്ന്യാഹിതിഃ
നിഷേകം, പുംസവനം, സീമന്തം, ജാതകർമ്മം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൌളം, ഉപനയനം, ഹോതൃവ്രതം, ഉപനിഷദ്വ്രതം, ശുക്രിയവ്രതം, ഗോദാനവ്രതം, സമാവർത്തനം, വിവാഹം, അഗ്ന്യാധാനം – എന്നിവയാണ് ബ്രാഹ്മണന്‍റെ ഷോഡശസംസ്കാരങ്ങള്‍.
പതിനാറാമത്തേതായ അഗ്ന്യാധാനം ഏറ്റവും പ്രധാനവും എന്നാല്‍ അതിനുശേഷമുള്ള ആഹിതാഗ്നിജീവിതം സങ്കടഭൂയിഷ്ഠമാണെന്ന ധാരണ മൂലം പണ്ടേയ്ക്കുപണ്ടേ വിരളമായതും ആകുന്നു.
ഉപനയനംമുതല് ബ്രാഹ്മണൻ അഗ്നിയെ നിത്യേന ഉപാസിക്കണം. ബ്രഹ്മചര്യക്കാലത്ത് സമിദാധാനം (ചമത) ആയിട്ടും ഗൃഹസ്ഥാശ്രമത്തില് ഔപാസനഹോമമായിട്ടും ആഹിതാഗ്നി(അടിതിരി) ആയതിനുശേഷം അഗ്നിഹോത്രമായിട്ടും സംന്യാസാശ്രമത്തില്‍ പ്രവേശിച്ച് ആത്മാഗ്നിഹോത്രമായും ആണ് അഗ്ന്യുപാസന.
ആത്മനി സ്വപ്രകാശാഗ്നൌ ചിത്തമേകാഹുതിം ഹുനേത് അഗ്നിഹോത്രീ സ വിജ്ഞേയഃ ഇതരേ നാമധാരിണഃ
സ്വയം പ്രകാശിക്കുന്ന അഗ്നിയായ ആത്മാവില്‍ ചിത്തത്തെ ഏകാഹുതിയായി ഹോമിക്കുന്നതാണ് യഥാർത്ഥ അഗ്നിഹോത്രമെന്നും അതിനെ ഓർമ്മിപ്പിക്കുന്ന ക്രിയ മാത്രമാണ് ഗൃഹസ്ഥന്‍റെ അഗ്നിഹോത്രം
ശ്രീശങ്കരാചാര്യരുടെ ശ്ലോകം അഗ്നിഹോത്രത്തിന്‍റെ ആത്യന്തികാവസ്ഥയെ കാണിക്കുന്നു.
അഗ്നിദേവതയെ ഉദ്ദേശിച്ചും സൂര്യദേവതയെ ഉദ്ദേശിച്ചും ചെയ്യുന്ന ഹോമമാണ് അഗ്നിഹോത്രം.
അനഗ്നികം ദ്വിജം ദൃഷ്ട്വാ സചേലസ്നാനമാചരേത്
അഗ്നിയെ ഉപാസിക്കാത്ത ബ്രാഹ്മണകുല ജാതനെക്കണ്ടാല് വസ്ത്രത്തോടെകുളിച്ചാലേ ശുദ്ധി കൈവരൂ
എന്ന അത്യുക്തിയില്‍ അഗ്ന്യുപാസനയുടെ പ്രാധാന്യം വ്യക്തമാണ്.
അഗ്നി ജ്ഞാനത്തിന്‍റെ പ്രതീകമാണ്. ‘ബ്രഹ്മ’ എന്ന ശബ്ദത്തിന് പരബ്രഹ്മമെന്നും അതിനെ പ്രതിപാദിക്കുന്ന വേദമെന്നും അർത്ഥമുണ്ട്. ബ്രഹ്മത്തെ (വേദത്തെ) അധ്യയനംചെയ്ത് അതിനെത്തന്നെ സ്വാദ്ധ്യായം ചെയ്തു കൊണ്ട് കാലംകഴിക്കുന്ന വേദോപാസകരെയാണ് ബ്രാഹ്മണരെന്ന് വിളിക്കേണ്ടത്.
വേദത്തിലെ (ബ്രഹ്മത്തിലെ) പരമപ്രതിപാദ്യമായ പരബ്രഹ്മത്തെ സാക്ഷാത്കരിച്ച ജ്ഞാനി എന്നാണ് ഏറ്റവും ശരിയായ അര്ത്ഥത്തില് ബ്രാഹ്മണശബ്ദത്തിനർത്ഥം.
ഈ അഗ്ന്യുപാസനയുടെ വളരേ വളരേ ലളിതവല്ക്കരച്ച, പരിഷ്കരിച്ച , വിധിനിഷേധങ്ങളൊന്നുമില്ലാത്ത രൂപമാണ് വിളക്ക്. ആ രൂപത്തി ലെങ്കിലും അഗ്ന്യാരാധനയില്ലാത്ത ഹിന്ദുഗൃഹങ്ങൾ ഉണ്ടാവുകയില്ല. അഗ്ന്യുപാസന യുടെ ഏറ്റവും പ്രാചീനരൂപ ങ്ങളാണ് ഗൃഹ്യസൂത്രങ്ങളിലും ശ്രൌതസൂത്ര ങ്ങളിലും വിവരിച്ചിട്ടുള്ള ശുദ്ധവൈദികങ്ങളായ കർമ്മങ്ങള്‍. വേദാംഗ ങ്ങളിലൊന്നായ കല്പസൂത്രങ്ങളുടെ അവാന്തരവിഭാഗങ്ങളാണ് ഗൃഹ്യ-ശ്രൌത-സൂത്രങ്ങൾ.
വേളിദിവസം വധു സപ്തപദിസമയത്ത് ഏഴാം അടിയായി വെക്കുന്ന മണ്ണില്‍ കൂട്ടുന്ന തീയാണ് ദമ്പതിമാരുടെ ഔപാസനാഗ്നി. ദമ്പതിമാർ ഒരുമിച്ച് ഉപാസിക്കുന്ന അഗ്നിയാണിത്. അന്വാരംഭണിയെന്ന ഹോമം ചെയ്ത് പിന്നീടെല്ലാ ദിവസവും ഈ ഔപാസനാഗ്നിയില്‍ അഗ്നി, സൂര്യൻ, പ്രജാപതി എന്നീ ദേവതമാരെ ഉദ്ദേശിച്ച് വിത്ത് ഹോമിക്കണം സായംപ്രാതഃ. ഇതിനെ ഔപാസനഹോമമെന്നു പറയുന്നു. വാവുതോറും സ്ഥാലീപാകമെന്ന വിശേഷാല്‍ ഹോമവും ചെയ്യണം. പുംസവനം സീമന്തം എന്നീ ഗർഭഹോമങ്ങൾ ഔപാസനാഗ്നിയിലാണ് ചെയ്യേണ്ടത്. ഔപാസനാഗ്നിയും അതില്‍ ചെയ്യുന്ന കർമ്മങ്ങളും ഗൃഹ്യസൂത്രപ്രകാരമാണ്. ഈ ഔപാസനാഗ്നിയെ അഗ്ന്യാധാനം എന്ന ക്രിയയിലൂടെ ത്രേതാഗ്നി ആക്കുന്നു. സപത്നീകനായ യജമാനൻ ഈ അഗ്നി കെടാതെ സൂക്ഷിച്ച് നിത്യേന സായംപ്രാതഃ അഗ്നിഹോത്രം ചെയ്തുകൊണ്ട് കഴിയുന്നു.
യാവജ്ജീവം അഗ്നിഹോത്രം ജുഹുയാത് – എന്നാണ് വിധി. അഗ്നിഹോത്രം നിത്യേന ചെയ്യുന്നവർ അഗ്നിഹോത്രികളെന്നാണ് അറിയപ്പെടുന്നത്.
യുഗപത് സര്വ്വതീര്ത്ഥാനി യുഗപത് സര്വ്വദേവതാഃ ദ്രഷ്ടുമിച്ഛസി ചേദ്രാജന് അഗ്നിഹോത്രി ഗൃഹം വ്രജ
സകലദേവതകളുടേയും സകലതീർത്ഥങ്ങളുടേയും സാന്നിദ്ധ്യം അഗ്നിഹോത്ര ശാലയിലുണ്ട്
ബ്രാഹ്മണന്‍റെ പരമലക്ഷ്യം സോമയാഗമനുഷ്ഠിക്കുകയാണെന്ന് സോമപം മാ കുരു (എന്നെ സോമപാനം ചെയ്യാന് യോഗ്യനാക്കിത്തീര്ക്കണമേ) എന്ന ഉപനയനസന്ദര്ഭ ത്തിലെ ഉണ്ണിയുടെ ആചാര്യനോടുള്ള പ്രാർത്ഥനയിലുണ്ട്. അഗ്ന്യാധാനത്തിലൂ ടെ ഉണ്ടാകുന്ന ത്രേതാഗ്നിയിലാണ് സോമയാഗം ചെയ്യുക.
അഗ്ന്യാധാനം ചെയ്ത് നിത്യാഗ്നിഹോത്രിയായി കഴിയുന്ന ബ്രാഹ്മണൻ വാവുതോറും ദര്ശപൂർണ്ണമാസേഷ്ടി ചെയ്യണം. കറുത്തവാവിന് ദര്ശേഷ്ടിയും വെളുത്തവാവിന് പൂർണ്ണമാസേഷ്ടിയും. ഇതു രണ്ടും ചേർത്ത് ദര്ശപൂർണ്ണമാസമെന്ന് പറയും. ഇഷ്ടിയും യാഗവും ഒന്നു തന്നെ. ദര്ശപൂർണ്ണമാസേഷ്ടികളുടെതന്നെ വിശേഷിച്ചും വിസ്തരിച്ചും ഉള്ള രൂപങ്ങളാണ് യാഗങ്ങൾ.
അഗ്നിഹോത്രവും ദർശപൂർണ്ണമാസേഷ്ടികളും അനുഷ്ഠിച്ചുകൊണ്ട് കഴിയുന്ന അഗ്നിഹോത്രി ശ്രദ്ധയും അനുകൂലസ്ഥലകാലങ്ങളുമനുസരിച്ച് സോമയാഗം ചെയ്യണം. അഗ്നിഷ്ടോമം അത്യഗ്നിഷ്ടോമം ഉക്ഥ്യം ഷോഡശി അതിരാത്രം വാജപേയം അപ്തോര്യാമം എന്നിങ്ങനെ ഏഴു വിധം സോമയാഗങ്ങളുണ്ട്.
സോമയാഗങ്ങളില്‍ പശ്വാലംഭമുണ്ട്. അജമാണ് പശു. അജ എന്ന ശബ്ദം മായ(അവിദ്യ)യുടെയും ആടിന്‍റെയും പര്യായമാണ്. സോമരസം ബ്രഹ്മാനന്ദരസത്തിന്‍റെയും ആട് അവിദ്യയുടെയും പ്രതീകമായാല്‍ സോമയാഗം അവിദ്യയെ ഹനിച്ച് ആത്മജ്ഞാനിയായി ആത്മാനന്ദം അനുഭവിക്കുന്ന പ്രക്രിയ തന്നെയെന്ന് പ്രതീകവാദികൾക്ക് സ്വീകരിക്കാം.
അഗ്ന്യാധാനം രണ്ടുദിവസത്തെ ചടങ്ങാണ്. വസന്തഋതുവില്‍ വെളുത്ത പക്ഷത്തില്‍ കാർത്തിക രോഹിണി പുണുർതം പൂരം ഉത്രം ചിത്ര എന്നീ ദേവനാളുകളിലാണ് അഗ്ന്യാധാനം ചെയ്യാവുന്നത്.
അഗ്ന്യാധാനംചെയ്യുന്ന ദമ്പതിമാരെ യജമാനൻ,യജമാനപത്നി എന്നാണ് പറയുക. യജിക്കുന്നവൻ എന്നാണ് യജമാനൻ എന്ന പദത്തിനർത്ഥം. മലയാളത്തില്‍ മേല്ക്കോയ്മയുള്ളവൻ എന്നൊരു താരതമ്യേന ഉത്തമ മല്ലാത്ത അർത്ഥം ഈ പദത്തിന് രൂഢമൂലമായിട്ടുണ്ടെന്നത് കൌതുകാ വഹമാണ്. യാഗശാലയുടെ ഉടമസ്ഥൻ യജമാനനായതുകൊണ്ടും, യജമാന നുവേണ്ടി ദക്ഷിണ വാങ്ങി ഋത്വിക്കുകളാണ് അവിടെ അധികവും പ്രവർത്തിക്കുന്നത് എന്നതുകൊണ്ടും യജമാനനും പത്നിയും എല്ലാം നോക്കി വെറുതെയിരിക്കുകയേ ചെയ്യുന്നുള്ളുവെന്ന് തോന്നാനിടയുള്ളതു കൊണ്ടും ആണ് ഈ പദം ആ അർത്ഥത്തില്‍ രൂഢമായത്. കേരളത്തില്‍ യാഗസംസ്കാരം എത്രത്തോളം സമൂഹത്തില്‍ വ്യാപിച്ചിരുന്നു എന്നതിന് തെളിവാണ് ഈ പദം. യജമാനന് മറ്റുള്ളവരുടെ അകമേ ഏതുതരം വിഗ്രഹമാണ് ഉണ്ടാകാറ് എന്നതും മലയാണ്മയിലേക്ക് ചേക്കേറിയ ഈ പദം അടയാളപ്പെടുത്തുന്നുണ്ട്.
അധ്വര്യു, ഹോതാവ്, ഉദ്ഗാതാവ്, ബ്രഹ്മൻ, ആഗ്നീധ്രൻ എന്നീ പേരുക ളില്‍ വിശേഷിച്ചും ഋത്വിക്കുകളെന്ന് സാമാന്യേനയും അറിയപ്പെടുന്നവരും അഗ്ന്യാധാനക്രിയയ്ക്ക് വേണം.
ആധാനക്രിയകൾ
ആധാനത്തിന്‍റെ തലേന്ന് രാവിലെ (മെയ് 2) യജമാനനും പത്നിയും ഔപാസനംഹോമിച്ച് ക്രിയകൾ തുടങ്ങുന്നു. നാന്ദീമുഖം ആണ് ആദ്യം. പിന്നെ ആചാര്യന്മാരേയും മര്റു ഗുരുക്കന്മാരേയും അഭിവാദ്യം ചെയ്ത് ബൌധായനീയവിധിപ്രകാരം സ്നാനവും ചെയ്ത് വന്ന് പുണ്യാഹം.
പിന്നെ ശ്രദ്ധാഹ്വാനം. ശ്രദ്ധയെ വിളിച്ചുവരുത്തുന്ന ഈ ചടങ്ങ് ചെറുതെങ്കിലും ആഴമുള്ളതാണ്. ശ്രദ്ധയും മേധയും – സാധാരണ അറിവു മുതല്‍ പരമമായ ജ്ഞാനം വരെ പ്രകാശിക്കുമാറാകാൻ ഈ രണ്ടും പ്രീതിപ്പെടണേ എന്ന് ഉപനയനദിവസം ബ്രഹ്മചാരി പ്രാർത്ഥിക്കും ‘ശ്രദ്ധാമേധേ പ്രീയേതാം’ എന്ന്.
ഋത്വിക്കുകളെ വരിക്കുന്ന ചടങ്ങാണ് അടുത്തത്. വരിച്ച ഋത്വിക്കുകളെ യഥാവിധി പൂജിച്ച് അവരില്‍നിന്ന് ദേവയജനം യാചിച്ച് വാങ്ങി അവിടെ പ്രവേശിച്ച് ഗാര്ഹപത്യം അന്വാഹാര്യം ആഹവനീയം ഉത്കരം ബ്രഹ്മസദനം യജമാനായതനം പത്ന്യായതനം മുതലായ സ്ഥാനങ്ങൾ നിശ്ചയിച്ച് അഗ്ന്യാധാനക്രിയ തുടങ്ങുന്നു.
സംഭാരങ്ങളെല്ലാം സംഭരിച്ചതിനുശേഷം വപനവും വീണ്ടുമൊരു സ്നാനവും ചെയ്ത് വന്നാല്‍ വിനിധി എന്നൊരു ക്രിയയുണ്ട്. തങ്ങളിലെ സകല ദുർവ്വാസനകളേയും നീരിലാക്കിക്കല്പിച്ച് പിറകോട്ട് ഇട്ടുടച്ച് തിരിഞ്ഞുനോക്കാതെ ഇരുവരും യാഗശാലയിലേക്ക് കയറുന്നു.
പിന്നെ യജമാനനും പത്നിയും മക്കളും ചേർന്ന് ദ്യൂതക്രിയ ചെയ്യുന്ന ഒരു ക്രിയ കൌതുകമുണ്ടാക്കുന്ന ഒന്നാണ്. ഈ ചൂതുകളിയില്‍ യജമാനൻ ജയിക്കുകയും ആ വകയില്‍ ഒരു പശുവിനെ നേടി പിണ്ഡപിതൃയജ്ഞം ചെയ്ത് പിതൃക്കളെ പ്രീതിപ്പെടുത്തുകയുംചെയ്യുന്നു.
വൈകീട്ട് ഋത്വിക്കുകളോടുകൂടി പത്നീയജമാനന്മാർ ഒരേ പുടവക്കീഴില്‍ പോയി ഔപാസനത്തില്‍ സർവ്വൌഷധഹോമം ചെയ്ത് അഗ്നി ചട്ടിയിലേ ക്കെടുത്ത് വന്ന് ഗാര്ഹപത്യത്തില്‍ ഇടുന്നു. അവിടെ ബ്രഹ്മൌദനം രാധിച്ച് ഹോമിച്ച് ഋത്വിക്കുകളും പ്രാശിക്കുന്നു. പിന്നെ മദ്ധ്യരാത്രമായാല്‍ അഗ്നിയെ അരണികളിലേക്ക് കാച്ചിയെടുത്ത് സാമഗാനങ്ങളോടെ അരണി കടഞ്ഞ് തീയുണ്ടാക്കി ഗാര്ഹപത്യവും അന്വാഹാര്യവും വിഹരിക്കുന്നതോടെ ഒന്നാം ദിവസത്തെ ക്രിയകൾ കഴിയും.
പത്നീയജമാനന്മാർ കുതിരയെ തയ്യാറാക്കി നിർത്താൻ ശാസിച്ച് വാചംയമരായി അന്ന് രാത്രി ജാഗരണംചെയ്തുകൊണ്ട് ശാലയില്‍ത്തന്നെ തീയില്‍ പൂളിട്ട് വിശിക്കൊണ്ട് കഴിയണം. പിറ്റേന്ന് വളരെ നേരത്തേ ക്രിയ തുടങ്ങണം.
അർദ്ധോദയസമയത്ത് കുതിരയെക്കൊണ്ട് ചവുട്ടിച്ച ആഹവനീയകുണ്ഡത്തില്‍ ഗാര്ഹപത്യത്തില്‍നിന്ന് അഗ്നിയെ പ്രണയിച്ച് വിഹരിക്കുന്നതോടെ ആഗ്ന്യാധാനമെന്ന ക്രിയ പൂർത്തിയാകും.
അർദ്ധോദയസമയത്തുതന്നെ വേണം ആഹവനീയവിഹരണം എന്ന് നിർബന്ധമുണ്ട്. ഉടനെത്തന്നെ ഒരു തൂഷ്ണീം അഗ്നിഹോത്രവും ചെയ്യുന്നു.
.(ഈ സമയം മുതല്ക്ക് അഗ്നിഹോത്രം കണ്ട്. നമസ്കരിച്ച് വന്ദിക്കുക വളരെ വിശേഷമാണ്.)
തുടർന്ന് പവമാനേഷ്ടി ചെയ്യുന്നു. രണ്ടുമണിക്കൂർ നീണ്ടുനില്ക്കുന്ന ഈ ഇഷ്ടിക്കു ശേഷം വീണ്ടും പാവകേഷ്ടി ശുചീഷ്ടി എന്നീ രണ്ട് ഇഷ്ടികളും കൂടി അനുഷ്ഠിക്കേണ്ടതും ആയത് സൂര്യാസ്തമയത്തിനു മുമ്പേ നിർബന്ധമായും തീരേണ്ടതും ആണ്.
പിന്നെ സന്ധ്യാവന്ദനംചെയ്ത് പത്ത് ഗായത്രി ജപിച്ച് ആദ്യത്തെ അഗ്നി ഹോത്രാനുഷ്ഠാനമാണ്. ഇത് അധ്വര്യു തന്നെയാണ് യജമാനനു വേണ്ടി ചെയ്യേണ്ടത്. ഇതിനുശേഷം അടുത്ത വെളുത്തവാവുന്നാൾ അന്വാരംഭണി യും ദര്ശപൂർണ്ണമാസേഷ്ടിയും വരെ അദ്ധ്വര്യു തന്നെയാണ് അഗ്നിഹോത്രം സായംപ്രാതഃ അനുഷ്ഠിക്കുക. തമാശയായിപ്പറഞ്ഞാല്‍, യജമാനൻ ‘യജമാന’നായി ഇരിക്കുകയേ വേണ്ടൂ!!
മരപ്പാത്രത്തില്‍ പാല്‍ കറന്നെടുത്ത് മണ്‍ചട്ടിയില്‍ ഗാര്ഹപത്യത്തില്‍ വച്ച് തിളപ്പിച്ച് കരിങ്ങാലിക്കാതല്‍കൊണ്ടുണ്ടാക്കിയ അഗ്നിഹോത്രഹവണി കൊണ്ട് ആഹവനീയത്തില്‍ ഹോമിക്കും. തൈരോ അരിപ്പൊടികലക്കി യതോ നെയ്യോ പകരമായി എടുക്കാൻ വിധിയുണ്ട്. ദർഭപ്പുല്ല്, മണ്‍കി ണ്ടി, മരവി, അഗ്നിഹോത്രഹവണി, സ്ഫ്യം എന്നുപേരുള്ള മരംകൊണ്ടോ കുതിരയുടെ പാർശ്വാസ്ഥികൊണ്ടോ ഉണ്ടാക്കിയ കത്തി, തീ കടഞ്ഞുണ്ടാ ക്കാനുള്ള അരണികൾ…അങ്ങനെയങ്ങനെ തനി ഗോത്രവർഗ്ഗസംസ്കൃതിയുടെ അവിച്ഛിന്നമായ തുടർച്ച…
തത്രാഗ്നിമാധായ സമിത്സമിദ്ധം സ്വമേവ മൂർത്ത്യന്തരമഷ്ടമൂർത്തിഃ സ്വയം വിധാതാ തപസഃ ഫലാനാം കേനാപി കാമേന തപശ്ചചാര = അവിടെ മുമ്പില്‍ തീക്കൂട്ടി ചമതയിട്ട് താൻ ജ്വലിപ്പിച്ച തന്‍റെ തന്നെ മറ്റൊരു ശരീരമായ അഗ്നിയെ, തപസ്സുചെയ്യുന്നവർക്ക് അതിന്‍റെ ഫലങ്ങളെ നല്കുന്ന ആ അഷ്ടമൂർത്തി (പരമശിവൻ) ഏതോ ആഗ്രഹം പൂർത്തീ കരിക്കാനായി തപസ്സുചെയ്തു!!…(കുമാരസംഭവകാവ്യത്തില്‍ കാളിദാസൻ.)
യജമാനദമ്പതികളടെ പുത്രനാണ് അഗ്നി. പ്രവാസം കഴിഞ്ഞ് വരുന്ന പിതാവ് തന്‍റെ പുത്രന് പ്രിയപ്പെട്ടതെന്തെങ്കിലും കൊണ്ടേ വരുന്നപോലെ അഗ്നിഹോത്രിയും പ്രവാസംകഴിഞ്ഞുവരുമ്പോൾ കൈയ്യില്‍ നല്ല പ്ലാവിറകിൻകഷണവുമായി വേണം ഇല്ലത്തേക്ക് കയറാൻ എന്ന് ശ്രൌതസൂത്രത്തില്‍ എടുത്തുപറയുന്നുണ്ട്. ബൌധായന ശ്രൌതസൂത്രത്തില് പറയുന്നത് – ന ത്വേവാനാഹിതാഗ്നിഃ സ്യാത് (ഒരുകാരണവശാലും ആഹിതാഗ്നി ആകാതിരിക്കരുത്) – എന്നാണ്.
കൈതപ്രത്ത് പണ്ട് എടമനയില്ലത്തും വടക്കേനീലമനയില്ലത്തും ഓരോ ആധാനം നടന്നിരുന്നു. എടമന അടിതിരിമുത്തശ്ശനെന്ന് പിന്മുറക്കാർ ഓർമ്മിച്ചിരുന്ന ഒരു ധീരൻ തന്‍റെ ജന്മാവകാശമായ അഗ്ന്യാധാനം ചെയ്യാനാഗ്രഹിച്ച് പെരുഞ്ചെല്ലൂരെ വൈദികരെ സമീപിച്ചുവെന്നും അവരത് ചെയ്തുകൊടുക്കാൻ വിസമ്മതി ച്ചപ്പോൾ ഇരിങ്ങാലക്കുട പോയി അവിടത്തുകാരോട് അഭ്യർത്ഥിച്ചുവെ ന്നും അവിടത്തെ വൈദികപ്രമുഖൻ അടുത്ത കൊല്ലമാകട്ടെ എന്ന് ഒഴിവു കഴിവ് പറഞ്ഞു പറഞ്ഞയച്ചുവെന്നും അടുത്തകൊല്ലവും അതിനടുത്ത കൊല്ലവും ഇങ്ങനെ പന്ത്രണ്ട് കൊല്ലത്തോളം സാധിക്കാത്ത മോഹവുമായി അദ്ദേഹം ഇരിങ്ങലക്കുട സ്ഥിരം സന്ദർശകനായെന്നും ആ ഒരു ‘ധർമ്മ ജിജ്ഞാസ’യും ആ ഒരു ‘കർമ്മാനുതിഷ്ഠാസ’യും കണ്ട് ഇരിങ്ങാലക്കൂട യിലെ അന്നത്തെ വൈദികർ കൈതപ്രത്തോളം വന്ന് അഗ്ന്യാധാനം നടത്തി ക്കൊടുത്ത് ആ സാധുവിനെ അടിതിരിയാക്കിയെന്ന എഴുതപ്പെടാത്ത ഒരു ചരിത്രമുണ്ട്.